പുതുപ്പാടി: ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിച്ച അറബിക് അധ്യാപകനായ മുബഷിറിനെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ജെ.ജെ ആക്ടിലേയും, ബിഎൻഎസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ നവംബർ 6 നായിരുന്നു കേസിനാസ്പദമായ സംഭവം.
ചൂരൽ വടികൊണ്ടുള്ള മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥിനി വസ്ത്രത്തിൽ മൂത്രമൊഴിച്ച് പോയിരുന്നു. മറ്റു കുട്ടികളുടെ മുന്നിൽ വെച്ചുണ്ടായ അപമാനത്തെ തുടർന്ന് കുട്ടി പിന്നീട് സ്കൂളിൽ വന്നില്ല. സ്കൂളിലെ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ വിദ്യാർത്ഥിനി പരാമർശം നടത്തിയെന്ന് ആരോപിച്ച് തല്ലിച്ചതച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.