കണ്ണൂർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശികളായ സി.പി പോക്കറിന്റെയും കെ.വി റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23) ആണ് മരിച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിൽ ബി.എഡ് വിദ്യാർത്ഥിയാണ്.
കുറുമാത്തൂർ വിഎച്ച്സി സ്കൂളിൽ അധ്യാപക പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് കുഴഞ്ഞുവീണത്. ഉടൻ ശ്രീകണ്ഠപുരത്തെയും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നവംബർ എട്ടിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ യുവതിയുടെ വിയോഗം ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാനോവായി. സംസ്‌കാരം ബുധനാഴ്‌ച. സഹോദരൻ: മുഹമ്മദ് റാസി (വിദ്യാർത്ഥി യേനപോയ കോളേജ് മംഗളൂരു).