കോഴിക്കോട്: കരിപ്പൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയതിൽ വഴിത്തിരിവ്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കൊണ്ടുവന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നുവന്ന കണ്ണൂർ സ്വദേശിനി പ്രിയങ്കയാണ് സ്വർണം കടത്തിയത്. ഇവരെ ഒരുസംഘം തട്ടിക്കൊണ്ട് പോയിരുന്നു. മലപ്പുറം പുളിക്കലിൽ വെച്ച് സംഘത്തെ പോലീസ് സാഹസികമായി പിടികൂടുകയും ചെയ്തു. എന്നാലിത് തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിന് പിന്നിൽ പ്രിയങ്കയും ഭർത്താവ് റിനീഷുമാണെന്നാണ് പോലീസ് പറയുന്നത്. റിനീഷും സുഹൃത്തുമാണ് പ്രിയങ്കയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. കവർച്ചയെന്ന് വരുത്താനായിരുന്നു ഇവരുടെ ശ്രമം. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടകം വെളിപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് ദുബായിൽ നിന്ന് പ്രിയങ്ക കരിപ്പൂരിലെത്തിയത്. സ്വർണം സ്വീകരിക്കാനുള്ള ആളും വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പ്രിയങ്ക പുറത്തിറങ്ങിയതും ബലേനോ കാറിലെത്തിയ സംഘം യുവതിയെ ബലമായി വാഹനത്തിൽ തട്ടിക്കൊണ്ട് പോയി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന പോലീസ്, സംഘത്തിന്റെ പിന്നാലെ പിൻതുടർന്ന് അവരെ സാഹസികമായി പിടികൂടുകയായിരുന്നു. സ്വർണം വാങ്ങാനെത്തിയ ആളും പോലീസിന്റെ പിടിയിലായി.
തന്റെ പേര് റിയ എന്നാണെന്നും തന്നെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നുമാണ് പ്രിയങ്ക പോലീസിനോട് പറഞ്ഞത്. താൻ കൊണ്ടുവന്ന മാല, വള, കൈചെയിൻ അടങ്ങിയ സ്വർണാഭരങ്ങൾ കവർച്ചാ സംഘം തട്ടിയെടുത്തുവെന്നും പ്രിയങ്ക പോലീസിനോട് പറഞ്ഞു. ഇതിനുശേഷം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് യാഥാർത്ഥ്യം പുറത്തുവന്നത്.