Trending

വാഹന ഇൻഷുറൻസിൽ വൻ മാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തെരഞ്ഞെടുക്കാം, വരുന്നു 4 തട്ടുകളുള്ള സംവിധാനം.


ന്യൂഡൽഹി: വാഹന ഉടമകൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തെരഞ്ഞെടുക്കാൻ കഴിയുന്ന നാലു തട്ടുകളുള്ള മോട്ടോർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ ഫോർവീലർ, ടൂവീലർ വാഹനങ്ങൾക്ക് ബാധകമായ ഈ പുതിയ മാറ്റങ്ങൾ ഡിസംബർ 15ന് പ്രാബല്യത്തിൽ വരും. പോളിസി വ്യവസ്ഥകളിൽ പൂർണ സുതാര്യത കൊണ്ടുവരാൻ സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.

പോളിസിയിലെ പ്രധാന ഘടകങ്ങൾ.
1- തേഡ് പാർട്ടി ബാധ്യത: വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ പുറത്തുനിന്നുള്ള മൂന്നാം കക്ഷികൾക്ക് സംഭവിക്കുന്ന ശാരീരിക പരിക്കുകൾ, മരണം, സ്വത്തുക്കൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവയ്ക്കുള്ള നിയമപരമായ നഷ്ടപരിഹാര പരിരക്ഷയാണിത്. മോട്ടർവാഹന നിയമപ്രകാരം ഇത് നിർബന്ധമാണ്.

2- യാത്രക്കാരുടെ ബാധ്യത: ഫോർവീലർ വാഹനങ്ങളിലെ യാത്രക്കാർക്കോ ടൂവീലറിലെ പിൻസീറ്റ് യാത്രക്കാർക്കോ അപകടത്തിൽ സംഭവിക്കുന്ന പരിക്കുകൾക്കും ബാധ്യതകൾക്കുമുള്ള പരിരക്ഷയാണിത്. ഉടമയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഇത് പോളിസിയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

3- പേഴ്സനൽ ആക്സിഡന്റ് (പിഎ): വാഹന ഉടമകളായ ഡ്രൈവർക്കുള്ള നിർബന്ധിത പിഎ കവർ അതേപടി തുടരും. എന്നാൽ ഉടമയ്ക്ക് ഇതിനോടകം മറ്റൊരു പോളിസിയിൽ മതിയായ വ്യക്തിഗത അപകട പരിരക്ഷ ഉണ്ടെങ്കിൽ ഇതിൽ നിന്നും ഒഴിവാകാം. വാഹനത്തിലെ മറ്റു പേരുവിവരങ്ങൾ രേഖപ്പെടുത്താത്ത യാത്രക്കാർക്കുള്ള അധിക പിഎ പരിരക്ഷ ആവശ്യമെങ്കിൽ മാത്രം തെരഞ്ഞെടുത്താൽ മതിയാകും. 

4- ഓൺ ഡാമേജ്: അപകടങ്ങൾ, തീപിടിത്തം, പ്രകൃതി ദുരന്തങ്ങൾ, മോഷണം എന്നിവയെ തുടർന്ന് സ്വന്തം വാഹനത്തിനുണ്ടാകുന്ന നേരിട്ടുള്ള കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള പരിരക്ഷയാണിത്. ഇതും നിർബന്ധമല്ല.

ശ്രദ്ധിക്കാം.
• കസ്റ്റമർ ഓപ്ഷൻ ഫോം: ഇൻഷുറൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് പ്രത്യേക ഫോം ലഭിക്കും. ഇതിൽ ഓരോ സെക്ഷനും ടിക്ക് ചെയ്ത് ആവശ്യമുള്ളവ മാത്രം തെരഞ്ഞെടുക്കാം.

• വ്യക്തമായ പ്രീമിയം വിവരങ്ങൾ: നാലു സെക്ഷനുകൾക്കും എത്ര രൂപയാണ് ഈടാക്കുന്നതെന്ന് പോളിസി രേഖയിൽ വെവ്വേറെയായി വ്യക്തമായി കാണിക്കണം.

• കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ്: പോളിസിയുടെ നിബന്ധനകളും ഒഴിവാക്കലുകളും ഉൾപ്പെടുന്ന ലളിതമായ സംഗ്രഹം ഉപയോക്താവിന് കമ്പനികൾ നൽകണം.

• നിലവിലെ പോളിസികളിലെ കൂട്ടിച്ചേർക്കൽ: നിലവിൽ യാത്രക്കാരുടെ ബാധ്യതയില്ലാത്ത പോളിസി ഉള്ളവർക്ക്, പോളിസി കാലാവധിക്കുള്ളിൽ തന്നെ നിശ്ചിത തുകയടച്ച് ഈ പരിരക്ഷ അധികമായി ചേർക്കാം.

Post a Comment

Previous Post Next Post