Trending

എസ്എഫ്ഐയുമായുള്ള പോര്; കന്‍റോൺമെന്‍റ് പോലീസിൽ നടപടി, സിഐ സതീഷും എസ്ഐ ഗോകുലും അവധിയിൽ.


തിരുവനന്തപുരം: എസ്എഫ്ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷ വിവാദത്തിനിടെ കന്‍റോൺമെന്‍റ് പോലീസിൽ അപ്രതീക്ഷിത മാറ്റം. എസ്എഫ്ഐ നേതാക്കളുമായി പരസ്യപോരിൽ ഏർപ്പെട്ട എസ്എച്ച്ഒ കന്‍റോൺമെന്‍റ് സിഐ സതീഷ്കുമാർ അവധിയിൽ പ്രവേശിച്ചു. എസ്ഐ ജി. ഗോകുൽ ഗോപാലിനെ പരിശീലനത്തിനും വിട്ടു. 

സിറ്റി പോലീസ് കമ്മീഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കന്‍റോൺമെന്‍റ് പൊലീസിലെ മാറ്റം. എസ്എച്ച്ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു. മുൻപ് എസ്എച്ച്ഒയുടെ ചുമതല വഹിച്ചിരുന്ന നാർക്കോട്ടിക്ക് സിഐ ഷാഫിക്കാണ് താൽക്കാലിക ചുമതല. 

യൂത്ത് കോൺഗ്രസുമായുള്ള എസ്എഫ്ഐ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ ലാത്തിചാർജ്ജ് ചെയ്തത് മുതൽ വിവാദത്തിലായിരുന്നു കന്‍റോൺമെന്‍റ് സിഐയും എസ്ഐയും. പിന്നീട് എസ്ഐ ഗോകുൽ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതും വിവാദമായിരുന്നു. 

അതിനിടെ എസ്എച്ച്ഒയുടെ 'പേടിച്ച് പോയെന്ന് പറഞ്ഞേക്ക്' എന്നുള്ള ഫേസ്ബുക്ക് കുറിപ്പും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും വീടുകളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചും നടത്തി. അതേസമയം തന്നെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പൊലീസ് പരിശോധനയും നടത്തിയിരുന്നു.

Post a Comment

Previous Post Next Post