കൊയിലാണ്ടി: കൊയിലാണ്ടി നന്തി ബസാറിൽ സ്കൂട്ടർ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തിക്കോടി പെരുമാള്‍പുരം സ്വദേശി വടക്കേട്ടില്‍ സജീര്‍ (45) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.30ഓടെ നന്തിയിലെ പഴയ ടോൾ ബൂത്തിനു സമീപമാണ് അപകടം. ടാങ്കർ ലോറിയുടെ പിറകിൽ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സജീറിനെ നാട്ടുകാർ ചേർന്ന് ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. സജീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.