Trending

വയനാട്ടിൽ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് കൊടുവള്ളി സ്വദേശിയുടെ കാറും പണവും കവർന്ന കേസ്; 2 പേർ പിടിയിൽ.


മീനങ്ങാടി: വയനാട് മീനങ്ങാടി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് കാറും പണവും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. തലശ്ശേരി അതിയാരം സ്വദേശി എം.കെ രഞ്ജു, നെല്ലൂന്നിതാഴെ പഴശ്ശി സ്വദേശി സൗരവ് സുനിൽ എന്നിവരാണ് കണ്ണൂരിൽ വെച്ച് പോലീസിന്റെ പിടിയിലായത്. പിടിയിലായ എം.കെ. രഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിമൂന്നോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

കർണാടകയിലെ ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന കൊടുവള്ളി സ്വദേശി ജാഫറിന്റെ ഇന്നോവ കാറാണ് മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപം വെച്ച് ക്വട്ടേഷൻ സംഘം തടഞ്ഞത്. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വാഹനം തടയുകയും, ജാഫറിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് കാഴ്ച മറച്ച ശേഷം ക്രൂരമായി ആക്രമിച്ച് ഇന്നോവ കാറും കൈവശമുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ വയനാട് പോലീസ് സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ നൽകിയ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ച ചെയ്യപ്പെട്ട വാഹനം കണ്ണൂർ ജില്ലയിലെ കേളകത്ത് എത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് കേളകം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കവർച്ച ചെയ്ത ഇന്നോവ കാറിനൊപ്പം പ്രതികൾ സഞ്ചരിച്ചിരുന്ന മറ്റൊരു ഇന്നോവ കാറും ഐ20 (i20) കാറും കണ്ടെത്തി. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജുവിനെയും സൗരവ് സുനിലിനെയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് വളഞ്ഞുപിടിച്ചത്. 

സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ ഹവാല പണമിടപാടുകളോ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Post a Comment

Previous Post Next Post