Trending

കർഷക ദിനാഘോഷവും, കർഷക തൊഴിലാളി ആദരവും.


എളേറ്റിൽ: ചിങ്ങം ഒന്നിന്റെ നിറവിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാഘോഷവും, കർഷകതൊഴിലാളി ആദരവും സംഘടിപ്പിച്ചു. എളേറ്റിൽ സെറായി റിസോർട്ടിൽ നടന്ന ചടങ്ങിൽ മേഖലയിലെ മികച്ച കർഷകരെയും, കർഷക തൊഴിലാളികളെയും ആദരിച്ചു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനും, വിഷരഹിത ഭക്ഷണ ഉൽപ്പാദനത്തിനും കർഷകർ നൽകുന്ന സംഭാവനകൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത കാർഷിക സംസ്കാരം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഉനൈസത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന കർഷക തൊഴിലാളികളെയും, കേരള ഗ്രോ ബ്രാൻഡ് ലഭിച്ച പൂക്കോട്ട് ഫുഡ്സ് (ഹരിത കോകോനട് ഓയിൽ) ഉടമ അബ്ദുൽ റഷീദ് പൂക്കോടിനെയും ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.സി ഉസയിൻ മാസ്റ്റർ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സി.ടി വനജ, ജില്ലാ പഞ്ചായത്ത്‌ മെമ്മബർമാരായ പി.ജി മുഹമ്മദ്‌, മുഹമ്മദൻസ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ, പഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിനോടനുബന്ധിച്ച് നടത്തിയ കാർഷിക സെമിനാറിൽ തേനീച്ച വളർത്തലിനെ സംബന്ധിച്ച് മുഹമ്മദ്‌ മാളിയേക്കൽ ക്ലാസ്സെടുത്തു. കിഴക്കോത്ത് കൃഷി ഓഫീസർ കെ.ടി സുവർണ്ണ ശ്യാം സ്വാഗതവും, അസി. കൃഷി ഓഫീസർ പി.ബി സാജു നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post