ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. ടിക്‌ടോക്കിൽ മലയാളികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി കൊല്ലം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ഷാർജ അൽ-നഹ്ദയിലാണ് സംഭവം. ടിക്‌ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുൻപ് ഇവർ ടിക്‌ടോക്കിൽ നടത്തിയ കൊലവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘മാട്ടുൾ തൈക്കുമ്പാട്’ എന്ന പേരിലാണ് ഇസ്മായിലിൻ്റെ ടിക്ടോക് അക്കൗണ്ട്. ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.