ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാർ മെയ് 25 മുതൽ രാജ്യവ്യാപകമായി പണിമുടക്കും. മതിയായ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നൽകുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക, ജീവനക്കാരെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
ഇതോടെ അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചു ദിവസം എസ്ബിഐയുടെ പ്രവര്‍ത്തനം മുടങ്ങും. മെയ് 23 മുതൽ 27 വരെയാണ് ബാങ്ക് പ്രവർത്തിക്കാത്തത്. മെയ് 23ന് നാലാം ശനി പ്രമാണിച്ച് ബാങ്കിന് അവധിയാണ്. മെയ് 24 ഞായറാഴ്ച പൊതു അവധി ദിനമാണ്. മെയ് 25, 26 തീയതികളിൽ പണിമുടക്ക് ആയതിനാൽ ബാങ്ക് അടഞ്ഞുകിടക്കും. മെയ് 27ന് ബക്രീദ് പ്രമാണിച്ചും ബാങ്കുകൾ അടഞ്ഞു കിടയ്ക്കും. ചിലയിടങ്ങളിൽ മെയ് 28നാണ് ബക്രീദ്. അന്നും ബാങ്ക് അവധിയായിരിക്കും. ഇതോടെ തുടർച്ചയായി ആറു ദിവസം വരെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കാൻ പോകുന്നത്. ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോഴും യുപിഐ, ഓൺലൈൻ സേവനങ്ങൾ എന്നിവ തുടരും. അവയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉപയോക്താക്കൾ നേരിടില്ല.