മാനന്തവാടി: വയനാട് തവിഞ്ഞാൽ പേരിയയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്ക്. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ കുഴിയിൽ അനുഷ (29), കരുണാലയം അനുശ്രീ (30), ഷാജിമ നിവാസ് ബാലൻ (81), പുത്തൻപുരയിൽ രാജൻ (68) എന്നിവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും, കരുണാലയം ഷാഹി (30), അമ്പിളി (25), ഇസ (5), അയ്നിസ (5), രാധാമാധവം അമൽജിത്ത് (31) എന്നിവർ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സതേടി.
വിനോദയാത്ര പോയി തിരിച്ചു പോവുകയായിരുന്ന തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ പേരിയ 34-ൽ (താഴെ പേരിയ) ആണ് സംഭവം. ആരുടേയും നില അതീവ ഗുരുതരമല്ല.