Trending

നടുവണ്ണൂർ മന്ദങ്കാവിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.


നടുവണ്ണൂർ: നടുവണ്ണൂരിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടിത്തം. മന്ദങ്കാവിലെ സി.പി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് വെച്ച ഷെഡിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 12 ടണ്ണോളം മാലിന്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഷീറ്റു മേഞ്ഞ ഷെഡും ശേഖരിച്ച പ്ലാസ്റ്റിക്കുകളും തീർത്തും കത്തിനശിച്ചു. ഷെഡിനടുത്തുള്ള 15ലേറെ കവുങ്ങിൻ തൈകളും തൊട്ടടുത്ത പറമ്പിലെ മരങ്ങളും കരിഞ്ഞു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോമറും കത്തിനശിച്ചിട്ടുണ്ട്. 

കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നുമടക്കം എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് തീയണയ്ക്കാനായത്. വിഷപ്പുകയായതിനാൽ സമീപത്തെ വീടുകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി മാറ്റിയ ശേഷമാണ് തീയണച്ചത്. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നത്. മന്ദങ്കാവിലെ പുളകുടി സുബൈറിന്റെതാണ് ഈ സ്ഥാപനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും മറ്റും കയറ്റി അയക്കുന്ന സ്ഥാപനമാണിത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post