Trending

ടി20 ക്രിക്കറ്റ് ലോകകപ്പ്; ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് മൂന്നാം കിരീടം ചൂടി ഇന്ത്യ.

അഹമ്മദാബാദ്: മൂന്നാം ടി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 96 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 19 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് പുറത്താവുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും അഭിഷേക് ശർമ്മയുടെയും തകർപ്പൻ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യ മികച്ച ഇന്നിങ്ങ്സ് പടുത്തുയർത്തിയത്. സഞ്ജു സാംസൺ(46 പന്തിൽ 89), ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ്മ (21പന്തിൽ 51) എന്നിവർ അർദ്ധ സെഞ്ചുറി നേടി. ന്യൂസിലൻഡ് ബൗളർമാരിൽ ജെയിംസ് നീഷാം മൂന്ന് വിക്കറ്റുമായി തിളങ്ങി. മാറ്റ് ഹെൻറിയും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റുമെടുത്തു. 

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ഫിന്‍ ഇലന്‍ (7 പന്തില്‍ 9), രചിന്‍ രവീന്ദ്ര (2 പന്തില്‍ 1), ഗ്ലെന്‍ ഫിലിപ്‌സ് (5 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു തുടക്കത്തില്‍ തന്നെ നഷ്ടമായത്. കൂടെ മാര്‍ക് ചാപ്മാന്‍ (3), സീഫെര്‍ട്ട് (52) എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലായി ന്യൂസിലന്‍ഡ്. മിച്ചല്‍ സാന്റ്‌നര്‍ (43), ഡാരില്‍ മിച്ചല്‍ (17) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മിച്ചല്‍ - സാന്റ്‌നര്‍ സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ വരവില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി. ജയിംസ് നീഷം (8), മാറ്റ് ഹെന്റി (0), ജേക്കബ് ഡഫി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (6) പുറത്താവാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും, മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും തിളങ്ങി. ഹാർദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു.

സ്കോർ - ഇന്ത്യ 255/ 5 (20 ഓവർ), ന്യൂസിലൻഡ് 159/10 (19 ഓവർ).


Post a Comment

Previous Post Next Post