Trending

നെഴ്‌സുമാരുടെ സമരം; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ സംഘര്‍ഷം.


കോഴിക്കോട്: നെഴ്സുമാരുടെ സമരത്തിനിടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ സംഘര്‍ഷം. ആശുപത്രിയിലെ അധികൃതരും നെഴ്സിങ് വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചുവരുത്തി ജോലിയെടുക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. സമരത്തിലുള്ള നെഴ്‌സുമാരെ മുറിയില്‍ തടഞ്ഞുവെച്ചതായും പരാതി ഉയര്‍ന്നു. 

തുടര്‍ന്ന് നെഴ്സുമാരുടെ സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. നാളെ രാവിലെ എട്ടോടെ താമസ മുറി ഒഴിയണമെന്നും മെസ്സ് സൗകര്യം നിർത്തലാക്കിയെന്നും കാണിച്ച് മാനേജ്മെൻ്റ് നോട്ടീസ് നല്‍കിയതായി നെഴ്സുമാര്‍ ആരോപിച്ചു. പുതിയതായി ജോലിയിൽ പ്രവേശിച്ച നെഴ്സുമാരെയാണ് അധികൃതര്‍ ട്രെയിനിങ് ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തി തടഞ്ഞുവെച്ചത്.

സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നെഴ്സുമാരാണ് സമരത്തിലുള്ളത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരം നടത്തുന്നത്. ഡ്യൂട്ടികളില്‍ നിന്ന് നെഴ്സുമാര്‍ വിട്ടുനില്‍ക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബല്‍റാം കമ്മറ്റി, ജഗദീഷ് പ്രസാദ് കമ്മറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Post a Comment

Previous Post Next Post