കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശന്റെ ഭാര്യ വിജിഷ (51) ആണ് മരിച്ചത്. തിരുവനന്തപുരത്ത് വെച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു.
സാരിയിൽ തീപിടിച്ച് പടർന്ന് ശരീരമാകെ 27 ശതമാനത്തോളം പൊള്ളലേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ആറ്റുകാൽ പൊങ്കാലയ്ക്കിടെ വിവിധയിടങ്ങളിൽ തീപടർന്ന് ഇരുപതോളം പേർക്ക് പൊള്ളലേറ്റിരുന്നു. പൊങ്കാല അടുപ്പുകളിൽ നിന്ന് കാറ്റിലൂടെ തീപ്പൊരി പടർന്നതും അടുത്തടുത്ത് അടുപ്പു കൂട്ടിയതുമാണ് അപകടത്തിന് കാരണമായത്. ഈസ്റ്റ്ഹില്ലിലെ ക്ഷേത്രത്തിൽ നിന്നുള്ള സംഘത്തിനൊപ്പമാണ് വിജിഷ ആറ്റുകാൽ പൊങ്കാലക്ക് പോയിരുന്നത്.