മലപ്പുറം: മലപ്പുറം വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പാറ ക്വാറിയിൽ വീണ ലോറി പൂര്‍ണമായും മുങ്ങി.
കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയുടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. ഏകദേശം 65 അടി താഴ്ച്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഫയര്‍ഫോഴ്‌സ്, പോലീസ് നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും അല്‍പ സമയത്തിന് മുന്‍പാണ് ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിയത്. വെള്ളത്തിനടിയില്‍ മുങ്ങിയ ലോറിക്കുള്ളിൽ മുസ്തഫയ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പുറത്തെത്തിക്കാനുള്ള അന്തിമ ഘട്ടത്തിലാണ് രക്ഷാപ്രവർത്തകർ.