Trending

പുതുചരിത്രം; അവയവദാതാവായി 10 മാസം പ്രായമായ കുഞ്ഞ്, ആലിൻ അഞ്ചു പേർക്ക് പുതുജീവനേകും.

തിരുവനന്തപുരം: റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാം- ഷെറിൻ ആൻ ജോൺ ദമ്പതികളുടെ മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ. 

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എംസി റോഡിൽ പള്ളം ബോർമ കവല ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്‌തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.

ആലിന്‍റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്കാണ് നൽകുക. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിനും കരൾ തിരുവനന്തപുരം കിംസിൽ ചികിത്സയിലുള്ള കുട്ടിക്കും നൽകും. നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകിട്ട് അവയവങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. 

അമൃത ആശുപത്രിയിൽനിന്നും ആംബുലൻസ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്നത്. അമൃത ആശുപത്രി- കുന്നുംപുറം- ഇടപ്പള്ളി-വൈറ്റില- കുണ്ടന്നൂർ- തൃപ്പൂണിത്തുറ ബൈപ്പാസ്- കാഞ്ഞിരമറ്റം- തലയോലപ്പറമ്പ്- കടുത്തുരുത്തി - ഏറ്റുമാനൂർ- കോട്ടയം- ചങ്ങനാശ്ശേരി- തിരുവല്ല- ചെങ്ങന്നൂർ- അടൂർ- കൊട്ടാരക്കര- കിളിമാനൂർ- വെഞ്ഞാറമ്മൂട്- കഴക്കൂട്ടം- കിംസ് എന്നിങ്ങനെയാണ് ആംബുലൻസ് പോകുന്ന റൂട്ട്. KL07DF3177 എന്ന ആംബുലൻസാണ് ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Post a Comment

Previous Post Next Post