Trending

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ രാവിലെ 8ന് തുടങ്ങും, ജില്ലയില്‍ 20 കേന്ദ്രങ്ങൾ.


കോഴിക്കോട്: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. 12 ബ്ലോക്കുതല കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭ തലങ്ങളില്‍ അതാത് നഗരസഭകളുടെയും വോട്ടെണ്ണും. നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ആണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രം. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പ്ലാനിംഗ് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് വരണാധികാരികളുടെ ടേബിളിലാണ് എണ്ണുക. 

വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. ഇതിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഏഴു മണിയോടുകൂടി സ്‌ട്രോങ് റൂം തുറക്കും. ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക. പോസ്റ്റല്‍ വോട്ടുകളില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ 8 മണിക്കുളളിൽ വന്ന ബാലറ്റുകള്‍ മാത്രമാണ് എണ്ണുക. വാര്‍ഡ്/ഡിവിഷന്‍ തരം തിരിച്ച ശേഷമാണ് ഇവ എണ്ണാനായി എടുക്കുക. 

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വെയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെയായിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ട് എണ്ണുക. ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്‌പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ത്ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.

കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും റിസൾട്ട് അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതാത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണിതീരുന്ന മുറയ്ക്ക് വോട്ടുനില TREND-ല്‍ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.

വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളു. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോര്‍പ്പറേഷന്‍: കോഴിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ്.

മുനിസിപ്പാലിറ്റികള്‍

• കൊയിലാണ്ടി: ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി.

• വടകര: നഗരസഭ ടൗണ്‍ഹാള്‍, വടകര.

• പയ്യോളി: ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, പയ്യോളി.

• രാമനാട്ടുകര: യൂസഫ് അല്‍ സഖര്‍ ഓഡിറ്റോറിയം ഫാറൂഖ് കോളേജ്, രാമനാട്ടുകര.

• കൊടുവള്ളി: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി.

• മുക്കം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം.

• ഫറോക്ക്: ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്റ് ട്രെയിനിംഗ് കോളേജ്, ഫറോക്ക്.

ബ്ലോക്ക് പഞ്ചായത്തുകള്‍

• വടകര: ഗവ. കോളേജ് മടപ്പള്ളി.

• തൂണേരി: കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പുറമേരി.

• കുന്നുമ്മല്‍: നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി.

• തോടന്നൂര്‍: സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, വടകര.

• മേലടി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ 

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി.

• പേരാമ്പ്ര: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര.

• ബാലുശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി.

• പന്തലായനി: ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലണ്ടി.

• ചേളന്നൂര്‍: ഗവ. പോളിടെക്നിക്ക് കോളേജ്, വെസ്റ്റ്ഹില്‍.

• കൊടുവള്ളി: കെഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി.

• കുന്ദമംഗലം: മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്.

• കോഴിക്കോട്: സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തളി കോഴിക്കോട്.

Post a Comment

Previous Post Next Post