Trending

നഖം പിഴുതെടുത്തു, ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നടിച്ചു, യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമർദ്ദനം; സൈക്കോ ദമ്പതികൾ അറസ്റ്റിൽ.


പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കൾക്ക് ക്രൂരമായ മര്‍ദ്ദനം. സംഭവത്തില്‍ ചരല്‍ക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസ് പിടിയിലായി. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ദമ്പതികൾ സൈക്കോ മനോനിലയുള്ളവരാണെന്നാണ് പോലീസ് പറയുന്നത്.

സമാനതകളില്ലാത്ത പീഡനമാണ് യുവാക്കള്‍ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദ്ദനത്തിന് ഇരയാകുന്നത്. റാന്നി സ്വദേശിയായ യുവാവിന് അഞ്ചാം തീയതിയാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. പത്തനംതിട്ട ചരല്‍ക്കുന്നിലുള്ള ജയേഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്. രശ്മിയുമായി സൗഹൃദത്തിലുള്ള യുവാക്കളെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 

റാന്നി സ്വദേശിയുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായി. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി. വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. 

ആലപ്പുഴ സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാൾ നാട്ടിലെത്തിയപ്പോൾ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയിൽ വെച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

Post a Comment

Previous Post Next Post