കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വൻ അപകടം ഒഴിവാക്കാനായി. ബസിന്റെ ടയറുകൾ അടക്കം ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഞായറാഴ്ച രാവിലെ 8.45 ഓടെ പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസില്‍ നിന്നാണ് തീ പടര്‍ന്നത്.
ബസിൽ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ബസ് കൊണ്ടോട്ടി തുറക്കല്‍ കഴിഞ്ഞു വിമാനത്താവള റോഡ് ജംഗ്ഷന്‍ കൊളത്തൂര്‍ എത്തുന്നതിന്റെ തൊട്ടു മുൻപാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.