കുന്ദമംഗലം: കാരന്തൂരിൽ വിദ്യാർത്ഥികളെ കയറ്റാതെ മുന്നോട്ടു എടുത്ത ബസിന് മുന്നിൽ റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. കുട്ടികളെ കയറ്റി മാത്രം പോയാൽ മതിയെന്ന പോലീസ് നിർദ്ദേശം നിരസിച്ചായിരുന്നു ബസ് മുന്നോട്ടു എടുത്തത്. എന്നാൽ ബസിൻ്റെ മുമ്പിൽ നിവർന്ന് കിടന്ന് ‘എൻ്റെ നെഞ്ചത്തൂടെ കയറ്റി പോകൂ’ എന്ന് പറഞ്ഞ ഹോംഗാർഡ് നാഗരാജ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമിടയിൽ താരമായി. നിർത്താതെ ഹർഷാരവം മുഴക്കിയായിരുന്നു കുട്ടികൾ ഹോംഗാർഡിൻ്റ നടപടിയെ സ്വീകരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4.40 ഓടേ കാരന്തൂർ മർക്കസിൻ്റെ മുമ്പിലായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന നിയ എന്ന സ്വാകാര്യ ബസിൻ്റെ മുൻപിലായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് നാഗരാജ് കിടന്ന് പ്രതിഷേധിച്ചത്. ഇവിടെ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതിനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ട്രാഫിക്ക് പോലീസ് ഇവിടെ നിരീക്ഷണം ഏർപ്പെടുത്തിയത്. ബസ് ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെട്ടു.