കക്കയം: കക്കയം പഞ്ചവടി-മുപ്പതാംമൈൽ മേഖലകളിൽ കുറ്റ്യാടി പുഴയോരം വ്യാപകമായി ഇടിഞ്ഞു താഴുന്നു. കഴിഞ്ഞവർഷം പുഴയൊഴുകിയ സ്ഥലത്തു നിന്ന് മീറ്ററുകൾ വഴിമാറിയാണ് പുഴയൊഴുകുന്നത്. ദിവസം തോറും പുഴ ഇടിഞ്ഞ് കരഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കുറച്ചു വർഷം മുമ്പുവരെ പ്രദേശവാസികളെല്ലാവരും തന്നെ വസ്ത്രങ്ങൾ അലക്കാനും, കുളിക്കാനുമെല്ലാം ആശ്രയിച്ചിരുന്ന പുഴ ഇപ്പോൾ മാറിയൊഴുകാൻ തുടങ്ങിയതോടെ അപകടസാധ്യത വർദ്ധിച്ചിരിക്കുകയാണ്. പുഴയെക്കുറിച്ചറിയാത്ത വിനോദസഞ്ചാരികൾ പുഴയോരത്തുകൂടി നടക്കുന്നതും ഫോട്ടോയെടുക്കാൻ പുഴയോരത്തോടു ചേർന്ന് നിൽക്കുന്നതും പതിവാണ്.
കക്കയത്തെ കെഎസ്ഇബി പവർഹൗസുകളിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ശക്തമായ ഒഴുക്കിനെത്തുടർന്നാണ് പുഴയോരം ഇടിയുന്നത്. ജലസേചന വകുപ്പും, ബന്ധപ്പെട്ട അധികാരികളും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപപ്രദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.