തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര പോരാളിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.25 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി 1923-ൽ ഒക്ടോബർ 20 നായിരുന്നു വി.എസിൻ്റെ ജനനം. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി.എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി.എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വി.എസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിച്ചു.
പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ വേതനം, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.
ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികൾക്ക് നിശ്ചയദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി ആ യുവാവ് വളർന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികൾ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇൻക്വിലാബിൻറെ ഇടിമുഴക്കം കുട്ടനാടിൻറെ വയലേലകളിൽ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങൾ, ചെറുത്തു നിൽപ്പുകൾ പ്രതിഷേധങ്ങൾ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വി.എസ് എന്ന വിപ്ലവ നായകൻ്റെ തിരിച്ച് വരവ്.
1957ൽ ആദ്യ സർക്കാർ വന്നതോടെ അച്യുതാനന്ദൻ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാർട്ടി പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകൾ, വെട്ടിനിരത്തലുകൾ കടുത്ത വിഭാഗീയ പോരാട്ടങ്ങൾ മാരാരിക്കുളം തോൽവി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വി.എസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാരസ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസ് കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായി.