തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ചോറിനൊപ്പം നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. നാലാം വർഷ ബിരുദ വിദ്യാർത്ഥിയായ സംവേദയ്ക്കാണ് സാമ്പാറിൽ പുഴുവിനെ ലഭിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിക്ഷേധിച്ചതിനെ തുടർന്ന് ക്യാമ്പസ് അധികൃതർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചു. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നാണ് നാലാംവർഷ ബിരുദ വിദ്യാർത്ഥികൾക്കും ഭക്ഷണമെത്തിക്കുന്നത്. പച്ചക്കറിയിൽ നിന്നുള്ള പുഴുവായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം വിദ്യാർത്ഥികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. ഭക്ഷണം എത്തിക്കുന്ന കരാറുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
മുമ്പും ഹോസ്റ്റൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റലിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്യാമ്പസ് അധികൃതർക്ക് പരാതി നൽകി. അതേസമയം നാലാം വർഷ യുജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണെന്നും, ഹോസ്റ്റൽ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നുവെന്നും വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്നു.