കോഴിക്കോട്: മഞ്ഞപ്പിത്തമടക്കം സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ വ്യാപക പരിശോധന നടത്തി. 19 കച്ചവടക്കാർക്ക് പിഴയിട്ടു. നേരത്തേ നോട്ടീസ് നൽകിയിട്ടും നടപടിയെടുക്കാത്ത കടകൾക്കെതിരെയാണ് നടപടി. കോർപ്പറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി നടത്തിയ പരിശാധന വെള്ളിയാഴ്ച പകൽ 12 മുതൽ വൈകീട്ടുവരെ തുടർന്നു. ഓപൺ സ്റ്റേജ് പരിസരത്തും സൗത്ത് ബീച്ച്, ഭട്ട് റോഡ്, പുതിയങ്ങാടി ഭാഗങ്ങളിലും പരിശോധന നടന്നു. അനധികൃത കടകളെല്ലാം നീക്കാൻ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം തലശ്ശേരി സ്വദേശികളായ സഹോദരങ്ങൾ മഞ്ഞപ്പിത്ത ബാധയാൽ മരിച്ചത് കോഴിക്കോട്ടുനിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന പരാതിയുയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ബീച്ച് കൈയേറി കച്ചവടം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയ കടക്കാരെ ഒഴിപ്പിച്ചു. പന്തലും മേശയും കസേരകളുമിട്ടായിരുന്നു അനധികൃത കച്ചവടം. ഇവ ആരോഗ്യ വിഭാഗം പൊളിച്ചുമാറ്റി. വണ്ടിയിൽ കച്ചവടം ചെയ്യുന്നതിന് മാത്രം ലൈസൻസുള്ളവർ കടലോരത്ത് പൂഴിയിൽ പന്തൽ കെട്ടി കച്ചവടം ചെയ്തതാണ് നീക്കിയത്. ഇവ നീക്കാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നുവെങ്കിലും നീക്കിയിരുന്നില്ല. വൃത്തിഹീനമായി ഭക്ഷണം കൈകാര്യം ചെയ്തതായി കണ്ടവർക്കും നോട്ടീസ് നൽകി.
ജലജന്യ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ തീരുമാനം. ബീച്ചിൽ പകൽ 11ന് ശേഷമാണ് അനധികൃത കച്ചവടങ്ങൾ സജീവമാകുന്നതെന്നാണ് പരാതി. കടപ്പുറത്ത് തെരുവോര കച്ചവടക്കാർക്കായി കോർപ്പറേഷൻ ഫുഡ് സ്ട്രീറ്റ് പദ്ധതി അവസാനഘട്ടത്തിലാണ്.