കക്കോടി: കക്കോടി മാടത്തുംപാറയിലെ ആളൊഴിഞ്ഞ മലമുകളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും മറ്റു അസ്ഥികളും അടങ്ങുന്ന അവശിഷ്ടങ്ങളാണ് ഇന്നലെ രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ ചേവായൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ചേവായൂർ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി. പിന്നാലെ ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. കണ്ടെത്തിയ അസ്ഥികൂടത്തിന് ഏകദേശം മൂന്നു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അസ്ഥികൂടം കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് താമസിച്ചിരുന്ന ഒരാളെ മൂന്നു മാസം മുൻപ് കാണാതായിരുന്നു.
ഈ തിരോധാനം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാതായ വ്യക്തിയുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ മരിച്ചത് ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.