റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ്-ട്രക്ക് അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയെയും തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷ് (26) ആണ് മരിച്ചത്. ദുബായിൽ ലഭിച്ച പുതിയ ജോലിയിൽ ഇന്ന് പ്രവേശിക്കാനിരിക്കെയാണ് സങ്കീർത്തനയെ മരണം തട്ടിയെടുത്തത്.
അബുദാബിയിൽ ജോലി ചെയ്തുവരികയായിരുന്ന സങ്കീർത്തനയ്ക്ക് അടുത്തിടെയാണ് ദുബായിൽ പുതിയ ജോലി ലഭിച്ചത്. ഇതിന്റെ ഭാഗമായി വിസ പുതുക്കുന്നതിനായി ഒമാനിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. സങ്കീർത്തനയുടെ സഹോദരനും യുഎഇയിലാണ് ജോലി ചെയ്യുന്നത്.
ഇന്നലെ പുലർച്ചെ റാസൽഖൈമയുടെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തകരാറിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഒമാനിൽ സന്ദർശക വിസ പുതുക്കാനായി പോയവരായിരുന്നു ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്.
അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. ഇതിൽ 11 പേർ സംഭവസ്ഥലത്തു വെച്ചും രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാരാണെന്നും, സങ്കീർത്തനയെ കൂടാതെ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. മറ്റ് 12 പേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ 14 പേർ റാസൽഖൈമയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.