Trending

നിർമ്മല സീതാരാമന്റെ വ്യാജ വീഡിയോ കാണിച്ച് തട്ടിപ്പ്; നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 1.45 കോടി രൂപ.


നടുവണ്ണൂർ: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ ഉപയോഗിച്ചുള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നടുവണ്ണൂർ സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് 1.45 കോടി രൂപ. ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന വാഗ്ദാനവുമായി പ്രചരിപ്പിച്ച വ്യാജ വീഡിയോ വിശ്വസിച്ചാണ് ഇദ്ദേഹം തട്ടിപ്പുസംഘത്തിന്റെ വലയിൽ വീണത്.

ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് നിർമ്മല സീതാരാമൻ വാഗ്ദാനം ചെയ്യുന്ന വ്യാജ വീഡിയോക്കൊപ്പം ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ മലയാളത്തിൽ സംസാരിച്ച ഒരാൾ ഫോണിൽ ബന്ധപ്പെടുകയും ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം നേടാമെന്ന് നടുവണ്ണൂർ സ്വദേശിയായ പ്രവാസിയെ വിശ്വസിപ്പിക്കുകയും ചെയ്തു. 

തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ തട്ടിപ്പുസംഘം കൈക്കലാക്കി. ജൂൺ മുതൽ നവംബർ വരെയുള്ള അഞ്ച് മാസത്തിനിടെ 30 തവണകളായാണ് ഇയാളിൽ നിന്ന് പണം തട്ടിയെടുത്തത്. ഓരോ തവണയും മികച്ച ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതായതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് പ്രവാസി തിരിച്ചറിഞ്ഞത്.

കോഴിക്കോട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സമാന സ്വഭാവത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. നേരത്തെ വടകരയിലെ വയോധിക ദമ്പതികൾക്കും ഇതേ രീതിയിലുള്ള വ്യാജ വീഡിയോ തട്ടിപ്പിലൂടെ മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു. താമരശ്ശേരിയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവങ്ങളിൽ കോഴിക്കോട് റൂറൽ സൈബർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post