തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ വർഷങ്ങളായി നടത്തിവരുന്ന 'ഹൃദയപൂർവ്വം' ഭക്ഷണ വിതരണം അവസാനിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. വിശപ്പടക്കുന്ന ഇത്തരം ജനകീയ പ്രവർത്തനങ്ങൾ തടയാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും വി.കെ സനോജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർത്ഥ്യമാകുന്നതിന് മുൻപേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കൂട്ടുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണ്.
ഒന്നുമാത്രം പറയാം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണം തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയും എന്ന് ഡിവൈഎഫ്ഐക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.