Trending

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു മാസം; കടയുടമയുടെ കരുതൽ സന്ദേശവും തുണച്ചില്ല, പ്രവാസിയുടെ വിയോഗം വിവാഹ ജീവിതമെന്ന സ്വപ്നം ബാക്കിയാക്കി.


റാസൽഖൈമ: റാസൽഖൈമയിൽ ശക്തമായ മഴയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തകർന്ന് വീണ് മരിച്ച മലയാളി യുവാവ് വിടപറഞ്ഞത് വിവാഹജീവിതമെന്ന സ്വപ്നം ബാക്കിയാക്കി. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് ഇന്നലെ പുലർച്ചെ റാസൽഖൈമയിലുണ്ടായ അപകടത്തിൽ മരിച്ചത്. തലക്കോട്ടു തൊടികയിൽ സുലൈമാൻ്റെയും അസ്മാബിയുടെയും മകനാണ്.

കഴിഞ്ഞ നാലു വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. അഞ്ചു മാസം മുമ്പ് നാട്ടിൽ അവധിക്ക് ചെന്നപ്പോൾ നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി നിക്കാഹ് നടത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് തിരിച്ചുവന്നത്. അടുത്ത അവധിക്ക് ചെല്ലുമ്പോൾ വലിയ രീതിയിൽ വിവാഹം നടത്താനായിരുന്നു ആഗ്രഹം. 

24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസ്താംബൂൾ ഷവർമ കടയിൽ വൈകീട്ട് 6 മുതൽ രാവിലെ 6 വരെയായിരുന്നു സൽമാൻ ജോലി ചെയ്തിരുന്നത്. ഇന്നലെ (വ്യാഴം) പുലർച്ചെ രണ്ടരയോടെ ഡെലിവറിയുമായി ജൂലാൽ എന്ന സ്ഥലത്തേക്ക് മോട്ടർ ബൈക്കിൽ പോയതായിരുന്നു. മൂന്നോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായപ്പോൾ, ‘ബൈക്ക് കാര്യമാക്കേണ്ട, എവിടെയെങ്കിലും സുരക്ഷിതമായി നിന്നോളൂ’ എന്ന് കടയിൽ നിന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ സൽമാനോട് ആവശ്യപ്പെട്ടിരുന്നു."അൽ റംസ് റോഡിൽ എമിറേറ്റ്സ് ഗാലറിക്ക് മുൻവശത്തെ കെട്ടിട നിർമ്മാണ സ്ഥലത്തെ സിമന്റ് ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുമരിന് അടുത്ത് മഴയേൽക്കാതെ നിൽക്കുമ്പോൾ ശക്തമായ കാറ്റിൽ അത് തകർന്ന് വീണ് മരണം സംഭവിച്ചതാകാം എന്നാണ് കരുതുന്നത്. എന്നാൽ പോലീസ് റിപ്പോർട്ട് ലഭിച്ചാലേ അപകടം എങ്ങനെ നടന്നുവെന്ന് കൃത്യമായി പറയാനാകൂ"-ഉടമ മുഹമ്മദ് പറഞ്ഞു. 

മഴ കുറഞ്ഞിട്ടും സൽമാൻ തിരിച്ചുവരാത്തപ്പോൾ അൽ റംസിലെ കൂട്ടുകാരുടെ അടുത്ത് ഉണ്ടായിരിക്കുമെന്നാണ് കടയിലുള്ളവർ കരുതിയത്. രാവിലെ ആറോടെ അവിടെയെത്തിയ നിർമ്മാണത്തൊഴിലാളികളാണ് സൽമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം പോലീസ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

Post a Comment

Previous Post Next Post