Trending

‘വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്റെ വഴിക്കു പോവും', ഹിജാബ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മന്ത്രി.


തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്നലെ നിലപാട് വ്യക്തമാക്കിയപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ വളരെ മോശമായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

'പരാതി ലഭിച്ചപ്പോള്‍ സ്വാഭാവികമായ അന്വേഷണം നടത്തി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സാധാരണ നടപടിക്രമമാണ്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പിന്നീട് കണ്ടത്. പ്രശ്‌നത്തിന് പരിഹാരമല്ല, സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ലക്ഷ്യം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അഭിഭാഷകയോട് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ദൃശ്യം കണ്ടതാണ്. ആര്‍ക്കുവേണ്ടി വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ അംഗീകരിക്കില്ല', വി ശിവന്‍കുട്ടി പറഞ്ഞു.

മാനേജ്‌മെന്റ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും വെല്ലുവിളി ഒന്നും ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ നിയമങ്ങള്‍ അനുസരിച്ചാണെന്നും എതിരായി പ്രവര്‍ത്തിച്ചാല്‍ അത് തടയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

'സ്‌കൂള്‍ അഭിഭാഷകയുടെ ഭാഗത്ത് നിന്നുണ്ടായത് അപക്വമായ പരാമര്‍ശങ്ങളാണ്. വിഷയത്തെ കൂടുതല്‍ വഷളാക്കി. വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് സ്‌കൂളിന്റെ അഭിഭാഷകയും പിടിഎ പ്രസിഡന്റുമല്ല. മാനേജ്‌മെന്റ് പറയുന്നത് ജനാധിപത്യ വിരുദ്ധ കാര്യങ്ങളാണ്. നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും', ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ നല്ല ഭാവിയാണ് ലക്ഷ്യമെന്നും പരിഹാരം ഉണ്ടായിട്ടും പ്രകോപനം ഉണ്ടാക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ ബോധപൂര്‍വ്വം രാഷ്ട്രീയമായി നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും പ്രത്യേക സമൂഹത്തിന് നിയമങ്ങള്‍ ബാധകമല്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ തയ്യാറല്ല. ഒരു മാനേജ്‌മെന്റ് ചോദിക്കാത്ത കാര്യമാണ് ഈ സ്‌കൂള്‍ മാനേജ്‌മെന്റ് ചോദിക്കുന്നത്. നടന്നത് വളരെ മോശമായ രീതിയിലുള്ള വെല്ലുവിളിയാണെന്നും ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post