കൊയിലാണ്ടി: ഹോട്ടലിൽ നിന്നും വാങ്ങിയ ബോണ്ടയിൽ കുപ്പിച്ചില്ലെന്ന് പരാതി. കൊയിലാണ്ടി എൽഐസി ബ്രാഞ്ചിലെ ജീവനക്കാരൻ സുധീഷാണ് ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയത്. കൊയിലാണ്ടിയിലെ ഹോട്ടലിൽ നിന്നും വാങ്ങി ചായക്കൊപ്പം വിതരണം ചെയ്ത ബോണ്ടയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
ജോലി സംബന്ധമായ യോഗത്തിൽ പങ്കെടുത്തവർക്ക് ‘ടോപ്ഫോം’ എന്ന ഹോട്ടലിൽ നിന്നുമായിരുന്നു ചായയും ബോണ്ടയും ഓഡർ ചെയ്തിരുന്നത്. കഴിച്ചുകൊണ്ടിരിക്കെയാണ് ബോണ്ടയിൽ നിന്നും കുപ്പിച്ചില്ല് കിട്ടിയതെന്നും ഇതിന് മുൻപും ഇതേ കടയിലെ ഭക്ഷണത്തിൽ നിന്ന് പ്ലാസ്റ്റിക്ക് കഷ്ണം കിട്ടിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു.