കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരാണ് ടൗൺ പോലീസിൻ്റെ പിടിയിലായത്. ഇന്നലെ രാത്രി എട്ടു മണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപം ടൗൺ പോലീസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിന് സമീപത്തേക്ക് പോലീസ് വാഹനമെത്തിയതോടെ ഇവരിൽ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇവർ അക്രമാസക്തരായി പോലീസിനു നേരെ തിരിയുകയായിരുന്നു. ഇതിനിടെയിലാണ്, മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതു കൈയിൽ സംഘത്തിണ്ടായിരുന്ന ഒരാൾ സിറിഞ്ചുകൊണ്ട് കുത്തിയത്. തുടർന്ന് ഇവരും ഓടിരക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രിവിട്ടു. പ്രതികൾക്കായി പിന്നീട് ശക്തമായ തിരച്ചിലാണ് പോലീസ് നടത്തിയത്. ഇതിനിടെ, ഇന്ന് പുലർച്ചെയോടെയാണ് ഇവരിൽ മൂന്നുപേരെ അറസ്റ്റു ചെയ്തത്.