ബംഗളൂരു: കോഴിക്കോട്-ബംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് ഡിപ്പോയിലെ ബസ് ഡ്രൈവർ വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. അപകത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, ബിഡദി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബംഗളൂരു രാമനഗര ബിഡദിയില്‍ ഇന്ന് രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയും, തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. ബസ് ഡ്രൈവറും കണ്ടക്ടറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് ഹൈവേയിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
വാഹനം അമിതവേഗത്തിലായിരുന്നോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കോഴിക്കോട് ഡിപ്പോയുടെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.