വടകര: എംഡിഎംഎ പണമിടപാട് കേസിൽ പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. കുട്ടോത്ത് സ്വദേശിയായ വലിയപറമ്പിൽ വി.പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോങ്കര സ്വദേശി കീർത്തന എന്നിവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽ പേർ കണ്ണികളായിട്ടുണ്ടെന്നാണ് വിവരം.
വിദ്യാർത്ഥികൾ ഉൾപ്പെടെ സംഘത്തിന്റെ വലയിൽ അകപ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസ് നിഗമനം. അധ്യാപികമാരെ ഇടനിലക്കാരാക്കി നടന്ന ലഹരി വിൽപ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വടകര താഴെ അങ്ങാടി സ്വദേശി റിസ്‌വാനെ എംഡിഎംഎയുമായി പോലീസ് പിടികൂടിയതോടെയാണ് പുറത്തുവന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന അധ്യാപകരായ കാവ്യയെയും കീർത്തനയെയും കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2016 മുതല്‍ സ്പെഷ്യല്‍ എഡ്യുക്കേറ്ററായി ജോലി ചെയ്യുകയാണ് കാവ്യ. കീർത്തനയും പത്തു വർഷത്തോളമായി പേരാമ്പ്ര ബിആർസിയിൽ താൽക്കാലിക ജീവനക്കാരിയാണ്.