Trending

കാണാതായ യൂട്യൂബറെ മേഘാലയയിൽ കണ്ടെത്തി; ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിൽ.


മലപ്പുറം: കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി പാറയിൽ ദിൽഷാദ് (31) നെ മേഘാലയയിൽ നിന്നുമാണ് കണ്ടെത്തിയത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഘാലയയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. നാല് ദിവസമായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിൽ ദിൽഷാദിന് ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി അദ്ദേഹം വീട്ടിൽ നിന്ന് പോയത്. യാത്രയ്ക്ക് പിന്നാലെ 'I quit' എന്ന് ദിൽഷാദ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചിരുന്നു. ഇത് ദിൽഷാദിന്റെ വീട്ടുകാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. യൂട്യൂബ് വീഡിയോ ചിത്രീകരിക്കുന്നതിനായി ദിൽഷാദ് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്താറുണ്ട്.

പോലീസ് നടത്തിയ അന്വേഷണത്തിൽ ദിൽഷാദ് അവസാനമായി ഒഡീഷയിലുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഒടുവിൽ ഇന്ന് മേഘാലയയിലെ ഒരു ആശുപത്രിയിൽ നിന്ന് ദിൽഷാദിനെ കുറിച്ച് വിവരം ചേലേമ്പ്ര പോലീസിന് ലഭിക്കുകയായിരുന്നു. ദിൽഷാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post