ന്യൂഡൽഹി: ബക്രീദിന് മുന്നോടിയായി ഗോവധം പൂർണമായി നിരോധിക്കുന്ന നിയമം ഫലപ്രദമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാളാണ് ഹർജി സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ചത്. 'നിങ്ങൾക്ക് ഒരു ദിവസം മുമ്പാണോ ഇതിനെക്കുറിച്ച് ഓർമ വന്നതെന്നും ഹർജി പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും' കോടതി വ്യക്തമാക്കി.അഭിഭാഷകനായ ബരുൺ കുമാർ സിൻഹയാണ് അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ഈ വിഷയം ബെഞ്ചിന് മുന്നിൽ ഉന്നയിച്ചത്.
'മറ്റന്നാൾ ബക്രീദ് ആണ്. ഗോവധ നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണിത്. ഇത് നാളെ ലിസ്റ്റ് ചെയ്യാൻ സാധിക്കുമോ,' എന്നായിരുന്നു സിൻഹയുടെ ചോദ്യം. കശാപ്പുശാലകളെ നിയമാനുസൃതമായി നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.