താമരശ്ശേരി: അഞ്ചു പതിറ്റാണ്ടിലേറെയായി താമരശ്ശേരിക്കാരുടെയും സമീപ പ്രദേശവാസികളുടെയും വിശ്വാസവും സ്നേഹവും നേടിയിരുന്ന പ്രമുഖ ചികിത്സകനായ ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനടുത്ത് വലിയവീട്ടിൽ ഡോ. വി.കുട്ട്യാലി (84) അന്തരിച്ചു. ദീർഘകാലം താമരശ്ശേരി വാലി വ്യൂ ആശുപത്രി മാനേജിംങ് ഡയറക്ടറായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. താമരശ്ശേരി ഐഎംഎ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ലളിതമായ ജീവിതശൈലിയും രോഗികളോടുള്ള ആത്മാർത്ഥ സമീപനവും കൊണ്ടാണ് അദ്ദേഹം നാട്ടുകാരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആളുകൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകി ആശ്വാസമായിരുന്നു ഡോക്ടർ കുട്ട്യാലി. ചികിത്സാരംഗത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം അനേകം മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ കൈത്താങ്ങായി മാറിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. മരണവാർത്ത അറിഞ്ഞതോടെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.
പരേതരായ ഇമ്പിച്ചി മുഹമ്മദ്- പാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷമീമ. മക്കൾ: മുഹമ്മദ് മൻസൂർ (ബിസിനസ്സ്), മിനി.
മരുമക്കൾ: ഡോ. നൗഫൽ (ഒതായി), റോഷ്നി (താനൂർ).
സഹോദരങ്ങൾ: ഖാദർ, ആമിന, ആയിഷ, സൈനബ. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 3ന് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ.