Trending

VarthaLink

കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി, പ്രതികൾ ഒളിവിൽ

കൊച്ചി: കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയെ കൊന്നു കുഴിച്ചുമൂടിയതെന്ന് സൂചന. വയോധികയുടെ മൃതദേഹം ആലപ്പുഴ കലവൂരിൽ നിന്ന് കണ്ടെത്തി. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന കാട്ടൂർ കോർത്തശ്ശേരിയിലെ വാടകവീട്ടിലെ ദമ്പതികളായ മാത്യുസും ശർമിളയും ഒളിവിലാണ്.  

സംഭവത്തിൽ കൂടുതൽ‌ വിവരങ്ങൾ‌ പുറത്ത്. എറണാകുളത്ത് നിന്ന് സുഭദ്രയെ കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നാലാം തീയതിയാണ് സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത്. ആലപ്പുഴയിലെ വീട്ടിൽ സുഭദ്രയെ എത്തിക്കുമ്പോൾ‌ കൂടെ മാത്യൂസിന്റെ ബന്ധുക്കൾ ഉണ്ടായിരുന്നതായി പൊലീസ്. സുഭദ്ര എന്ന് സംശയിക്കുന്ന സ്ത്രീ മാത്യുവിന്റെ വീട്ടിൽ എത്തിയിരുന്നതായി അയൽവാസി കുട്ടച്ചൻ പ്രതികരിച്ചിരുന്നു. ഒപ്പം നാലുപേർ ഉണ്ടായിരുന്നു. എറണാകുളംകാരിയാണ് പനി വന്നതിനാൽ കൊണ്ടുവന്നതാണെന്നാണ് പറഞ്ഞിരുന്നതെന്ന് കുട്ടച്ചൻ പറഞ്ഞു.

സുഭദ്രയുടേത് കൊലപാതകം എന്നുതന്നെയാണ് പോലീസ് നിഗമനം. ഇരുകൂട്ടരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. സുഭദ്രയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കടകളിൽ ഉൾപ്പെടെ പണം പലിശക്ക് കൊടുത്ത് ദിവസം പലിശ ഈടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സുഭദ്ര ദമ്പതികൾക്കൊപ്പം വാടക വീട്ടിൽ മൂന്ന് ദിവസം താമസിച്ചിരുന്നുവെന്നാണ് വിവരം. ദമ്പതികളെ കാണാതായതോടെയാണ് സംശയം വർധിച്ചത്. പ്രതികൾക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മധുകുമാർ വ്യക്തമാക്കി.


Post a Comment

Previous Post Next Post