ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിൻ്റെ അറസ്റ്റ് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പരാതി നല്കാന് കാലതാമസമുണ്ടായെന്നും തൻ്റ പ്രായം പരിഗണിക്കണമെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി. വാദംകേട്ട സുപ്രീംകോടതി വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമാവണമെന്ന വ്യവസ്ഥയിലാണ് അറസ്റ്റ് തടഞ്ഞത്. എട്ട് വര്‍ഷമായി സംസ്ഥാനം എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ് പി മെറിൻ ജോസഫ് ഇന്നലെ ഡൽഹിയിലെത്തി പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഡ്വ.ഐശ്യര്യ ഭാട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.