കൊച്ചി: മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിലാണ് പഠനം തുടർന്നത്. പത്താം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായി.1946 ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റു. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞു. കമ്യൂണിസ്റ്റ് ആദർശത്തോട് ശക്തമായ കൂറുപുലർത്തിയിരുന്ന ലോറൻസ് തന്റെ ശരികളോടൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്നു.
ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ.സജീവൻ, സുജാത, അഡ്വ. എം.എൽ. അബി, ആശ ലോറൻസ്.