അത്തോളി: അത്തോളിയിൽ ആളൊഴിഞ്ഞ പറമ്പിൽ പഴയ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണിപൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്ന് പഴക്കം ചെന്ന ആറ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആറിൽ രണ്ടെണ്ണം മുറിഞ്ഞതാണ്. പഴയ തെങ്ങിൻ കുറ്റിയുടെ വേരിനോട് ചേർന്നാണ് ഇവ കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണെന്ന് സംശയിക്കുന്നു.
കോഴിക്കോട് റൂറൽ പോലിസ് ആർമി വിങ്ങിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചു. എ എസ്ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിലാണ് വെടിയുണ്ടകൾ പരിശോധിച്ചത്. വെടിയുണ്ടകൾക്ക് കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു. ഇത് ബോംബ് സ്‌ക്വാഡിന് കൈമാറുമെന്ന് അത്തോളി പോലിസ് സ്റ്റേഷനിലെ എസ് ഐ രാജീവ് പറഞ്ഞു. സംഭവത്തിൽ അത്തോളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.