Trending

VarthaLink

കാൻസർ മരുന്നുകളുടെ വില കുറയും; ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നികുതി കുറയ്ക്കൽ തീരുമാനമായില്ല

ന്യൂഡൽഹി: കാൻസർ മരുന്നുകൾക്ക് ഇനി വിലകുറയും. നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. അതേസമയം ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തീരുമാനമായില്ല. വിഷയം നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും ഒക്ടോബറോടെ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി അറിയിച്ചു.

കേന്ദ്ര-സംസ്ഥാന നികുതി ഉദ്യോഗസ്ഥർ അടങ്ങുന്ന ഫിറ്റ്‌മെന്റ് കമ്മിറ്റി ജിഎസ്ടി, ലൈഫ്, ഹെൽത്ത്, റീഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ നിലവിലെ ജിഎസ്ടി നിരക്ക് 18 ശതമാനമാണ്. പോളിസി ഉടമകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഇത് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ.

ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി പ്രഖ്യാപിച്ചതിനുശേഷം വരുമാനത്തിൽ വർധനയുണ്ടായതായി ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ പറഞ്ഞു. അതേസമയം, ഓൺലൈൻ പേയ്മെന്റുകൾക്കുള്ള നികുതി യോഗത്തിൽ ചർച്ചയായില്ല. 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിർദ്ദേശം തൽകാലം നടപ്പാകില്ല. കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ചില ലഘുഭക്ഷണങ്ങളുടെയും ജിഎസ്ടിയിൽ കുറവു വരുത്തി. ഷെയറിങ് അടിസ്ഥാനത്തിലുള്ള ഹെലികോപ്റ്ററുകളുടെ ജിഎസ്ടി അഞ്ചു ശതമാനമായിരിക്കും.  

Post a Comment

Previous Post Next Post