Trending

VarthaLink

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറിയും മൃതദേഹവും കണ്ടെത്തി


ഷിരൂര്‍: ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് മലയാളിയായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്. മൃതദേഹം അർജുൻ്റെതാണെന്നാണ് പ്രാധമിക നിഗമനം. ഡിഎൻഎ പരിശോധനക്ക് ശേഷമേ ഉറപ്പിക്കാനാവൂ. കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്ര​ഡ്ജറിലുണ്ട്.  

ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍‌ പങ്കാളികളായിരുന്നു. 

അര്‍ജുന്‍റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും കഴിഞ്ഞ ദിവസം ഷിരൂരിൽ തെരച്ചിൽ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് അവർ തിരികെ പോയി. തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്.

Post a Comment

Previous Post Next Post