Trending

VarthaLink

ഡൽഹിയുടെ മുഖ്യമന്ത്രിയായി അതിഷി മലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


ന്യൂഡൽഹി: ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. അതിഷിയെ കൂടാതെ മറ്റ് അഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഡൽഹി രാജ് നി‌വാസിൽ ലളിതമായിട്ടായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

സുൽത്താൻപൂർ മജ്‌റ നിയമസഭാം​ഗമായ മുകേഷ് അഹ്‍ലാവത് ആണ് മന്ത്രിസഭയിലെ പുതുമുഖം. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നീ മന്ത്രിമാരാണ് തുടരുന്നത്. അതേസമയം, മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തില‍ നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും.

ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹിയുടെ മുന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്ന അതിഷി വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്തുവന്നത്. കെജ്‌രിവാൾ അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു.

മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തിനു പിന്നാലെ ഈ മാസം 17നാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തുടർന്നു നടന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോ​ഗത്തിൽ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാൾ നിർദ്ദേശിക്കുകയായിരുന്നു.

Post a Comment

Previous Post Next Post