കോഴിക്കോട്: മലപ്പുറം പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം മരിച്ച ഇരുപത്തിമൂന്നുകാരന് നിപ്പയെന്ന് സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. ഇന്നലെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടർന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയക്കുകയായിരുന്നു.
മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവിൽ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടിൽ എത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനി മാറാതെ വന്നതോടെയാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉന്നതതല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
പനി ബാധിച്ച യുവാവിന് ഛർദിയുണ്ടായിന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവിനെ ചികിത്സയ്ക്കായി കൊണ്ടു പോയിരുന്നു. എന്നാൽ അസുഖം മാറാതെ വന്നതോടെ യുവാവിനെ പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവുമായി സമ്പർക്കമുള്ള സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.