Trending

VarthaLink

നന്മണ്ട അപകട മേഖലയിൽ സീബ്രാലൈനില്ലാതെ യാത്രക്കാർ വലയുന്നു

നന്മണ്ട: അപകട മേഖലയായ തളി റോഡ് ജംഗ്ഷനിൽ സീബ്രാലൈൻ സ്ഥാപിക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. കോഴിക്കോട്- ബാലുശ്ശേരി പാത കടന്നുപോകുന്ന നന്മണ്ട 13 ലെ തളിബൈപ്പാസ് റോഡ് സംഗമിക്കുന്ന തളി റോഡ് ജംഗ്ഷനിലാണ് കാൽനടക്കാർ ആശങ്കയോടെ റോഡ് മുറിച്ചു കടക്കുന്നത്. തളി ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് കാത്തിരിപ്പിനായി പോകുന്നവർ തളി മഹാ ശിവക്ഷേത്രം, സന്താനഗോപാലം ക്ഷേത്രം, ആശാരികണ്ടി ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തജനങ്ങളും ഭീതിയുടെ നിഴലിലാണ്. ഇവിടെ ഹോംഗാർഡ് പോലുമില്ല. 

നരിക്കുനി, കരിയാത്തൻകാവ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കോഴിക്കോട് ബാലുശ്ശേരി റോഡിലേക്ക് കടക്കാനും ഏറെ പ്രയാസപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ചെറുതും വലുതുമായി ഒട്ടെറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അപകടമുണ്ടായാൽ വ്യാപാരികൾ ആശുപത്രിയിലെത്തിക്കും. എന്നാൽ അപകട വിവരത്തിന്റെ എഫ്.ഐ.ആർ. തയ്യാറാക്കാൻ വരുന്ന പോലിസ് എല്ലാം തയ്യാറാക്കി പോവുകയല്ലാതെ ബദൽ നടപടികളെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ബൈപ്പാസ് റോഡിൽ നിന്നും വരുന്ന വയോജനങ്ങളെയും കുട്ടികളെയും റോഡ് മുറിച്ചു കടക്കാൻ വ്യാപാരികൾ സഹായിക്കുന്നുവെന്നതാണ് ഏക ആശ്വാസം. 

തളി റോഡ് ജംഗ്ഷനിൽ സീബ്രാലൈൻ വേണമെന്ന് സീനിയർ സിറ്റിസൺസ് സമ്മേളനങ്ങളിലും പെൻഷനേഴ്സിന്റെ സമ്മേളനങ്ങളിലും നിരന്തരമായി ആവശ്യമുന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല എന്നതാണ് ഖേദകരമായ വസ്തുത.

Post a Comment

Previous Post Next Post