കൂട്ടാലിട: വഴോറ മലയുടെ താഴ്‌വരയിൽ പൂനത്ത് പൊയിലങ്ങൽ താഴെയുള്ള കുളം പ്രദേശത്തുകാർക്ക് പേടിസ്വപ്നമാകുന്നു. കഴിഞ്ഞ ദിവസം ഈ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ ദാരുണമായി മരണപ്പെട്ടിരുന്നു. മുമ്പൊരു പെൺകുട്ടിയും ഇവിടെ മരണപ്പെട്ടിരുന്നു. രണ്ട് വർഷത്തിനിടെ രണ്ട് വിദ്യാർത്ഥികളുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വിദ്യാർത്ഥികൾ പലതവണ അപകടത്തിൽപെട്ടപ്പോഴൊക്കെ നാട്ടുകാരുടെ ഇടപെടലാണ് പലരുടെയും ജീവൻ രക്ഷിച്ചത്. കുളം ആൾപാർപ്പില്ലാത്ത പറമ്പിലാണ്. അപകടമുണ്ടായി കഴിഞ്ഞതിന് ശേഷമാണ് പലപ്പോഴും നാട്ടുകാർ വിവരമറിയുന്നത്.
മുന്നറിയിപ്പ് ബോർഡുകൾ കാര്യമാക്കാതെ കുളത്തിലിറങ്ങുന്നതാണ് പ്രശ്നമാവുന്നത്. നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഈ കുളത്തിൽ ഇനിയുമൊരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ കുളത്തിലേക്കുള്ള പ്രവേശനം തടയാൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.