തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേർ വെന്തുമരിച്ചു. ഓഫിസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരാളുമാണു മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെയാൾ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണോ എന്നാണു സംശയിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ പ്രവർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. റോഡരികിൽ താഴത്തെ നിലയിൽ സ്ഥാപനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു. തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.