ബാലുശ്ശേരി: എരമംഗലം, കണ്ണങ്കോട് ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. പന്നികൾ കൂട്ടത്തോടെ വന്ന് കൃഷിനശിപ്പിക്കുന്നത് കാരണം കർഷകർ ദുരിതത്തിലാണ്. വാഴ, ചേമ്പ്, ചേന, കപ്പ എന്നിങ്ങനെയാണ് കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് കുത്തിമറിച്ച് നശിപ്പിച്ചത്. പന്നികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ ഏറെയാണ്.
സി.കെ സതീശന്റെ നേന്ത്രവാഴകൾ പന്നി കുത്തിയൊടിച്ചു. കൂടാതെ പ്രഭാകരന്റെ കപ്പ, ശ്രീകുമാറിന്റെ വാഴ തുടങ്ങിയ കൃഷികളും കൂട്ടമായെത്തി പന്നികൾ നശിപ്പിച്ചു. പന്നികൾ ആക്രമിക്കുമെന്ന പേടിയിൽ പുറത്തിറങ്ങാനും ആളുകൾ ഭയക്കുന്നു. പന്നിശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല.